വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനോ ക്രമസമാധാന നില തകര്‍ക്കാനോ ഉള്ള നീക്കങ്ങള്‍ നേരിടും; കെസിബിസിക്കെതിരെ മന്ത്രി

കോഴിക്കോട്: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം വച്ച് വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചത് പോലുള്ള ക്രൂരതയെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ കുറേക്കാലമായി വനമേഖലയില്‍ ഉണ്ടാകുന്ന നിസാര കാര്യങ്ങള്‍ പോലും പെരുപ്പിച്ച് കാട്ടി ചില സംഘടനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൃതദേഹവുമായി വിലപേശുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ലെന്നാണ് എനിക്ക് ലഭിച്ച വിവരം. വനമേഖലയിലെ ജനങ്ങളെ സര്‍ക്കാര്‍ വരുദ്ധരായി മാറ്റിയെടുക്കാനും അവരില്‍ ഏറ്റുമുട്ടല്‍ സ്വഭാവം വളര്‍ത്തിയെടുക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കാട്ടുപോത്ത് ആക്രമണത്തിന്റെ കാര്യത്തിലും അരിക്കൊമ്പന്‍ വിഷയത്തിലും ബഫര്‍ സോണ്‍ പ്രശ്‌നത്തിലും അത് കണ്ടതാണ്. വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനോ ക്രമസമാധാന നില തകര്‍ക്കാനോ ഉള്ള നീക്കങ്ങള്‍ കര്‍ശനമായി നേരിടും. വിഷയത്തില്‍ കെസിബിസിയുടെ പ്രതികരണം പ്രകോപനപരമാണ്. നിലപാട് അവരുടെ പാരമ്പര്യത്തിന് ചേര്‍ന്നതാണോ എന്ന് ദയവായി ആലോചിക്കണം. മതമേലദ്ധ്യക്ഷന്മാരില്‍ നിന്ന് പ്രശ്‌നത്തിന് പരിഹാരം കാണുന്ന തരത്തിലുള്ള നിലപാടാണ് പ്രതീക്ഷിച്ചത്. ജനങ്ങളെ സമാധാനിപ്പിക്കാന്‍ അവര്‍ക്കാണ് കഴിയുന്നത്. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള സമീപനം അവരുടെ പാരമ്പര്യത്തിന് ചേരുന്നതല്ല.’- മന്ത്രി വ്യക്തമാക്കി.