എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ വിജയത്തിളക്കത്തിനിടയിൽ നോവായി സാരംഗിന്റെ വിയോഗം; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ വിജയത്തിളക്കത്തിനിടയിൽ നോവായി സാരംഗിന്റെ വിയോഗം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണമടഞ്ഞ പതിനാറുകാരൻ സാരംഗ് എസ്എസ്എൽസി പരീക്ഷയിൽ മിന്നുന്ന ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ബി ആർ സാരംഗ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പാസായത്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് ഈ നേട്ടം സ്വന്തമാക്കിയത് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

മരണത്തിലും പത്തുപേർക്ക് പുതുജീവനേകിയാണ് സാരംഗ് യാത്രയായത്. രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവയാണ് ദാനം നൽകിയത്. കായിക താരം ആകാൻ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാരംഗിന്റെ വിജയം പ്രത്യേകം എടുത്തുപറഞ്ഞു. ദു:ഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായെന്നും ആറുപേർക്കാണ് അവയവങ്ങൾ ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. മെയ് ആറിന് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ യാത്രചെയ്യുമ്പോഴാണ് തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനടുത്തുവച്ച് സാരംഗിന് അപകടമുണ്ടായത്. കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനായിരുന്നു സാരംഗ്.