ട്രെയിന്‍ ആക്രമണ കേസില്‍ സസ്‌പെന്‍ഷന്‍; കേരള പൊലീസിന്റെ അഭിമാനമായ ഉദ്യോഗസ്ഥനെതിരെ നടപടിയെന്തിന്‌?

തിരുവനന്തപുരം: ഉദ്യോഗ മികവിന് നിരവധി പുരസ്‌കാരങ്ങളും പ്രശംസയും നേടിയിട്ടുള്ള കേരള പൊലീസിന്റെ അഭിമാനമായ ഉദ്യോഗസ്ഥനാണ് ഐജി പി വിജയന്‍. എന്നാല്‍, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്ന പേരില്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമാണ്.

നിയമം, അച്ചടക്കം, പൗരബോധം, എങ്ങനെ ഒരു നല്ല പൗരനാകാം എന്നിവയെക്കുറിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും ഇദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരിക്കേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു. ശബരിമലയില്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സമയത്ത് പുണ്യം പൂങ്കാവനം എന്ന പദ്ധതിയെ ഹൈക്കോടതി പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി പി വിജയനെ വിത്തില്‍ അഭിനന്ദിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ മഠത്തില്‍ കൂലിപണിക്കാരനായ പി വേലായുധന്റെ മകനായാണ് ജനനം. അദ്ദേഹത്തിന്റെ ഐപിഎസിലേക്കുള്ള യാത്രതന്നെ ഏവര്‍ക്കും പ്രചോദനമണ്. പത്താം ക്ലാസില്‍ തോറ്റ വിജയന്‍, തുടര്‍ന്ന് ചുമടെടുക്കാന്‍ പോയി. പിന്നീട് അധ്യാപകന്റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജില്‍ ചേര്‍ത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ പാസായി. എഴുതിയ മിക്കവാറും എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും പാസായി. കാസര്‍ഗോഡ്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളില്‍ പൊലീസ് മേധാവിയായും കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഡിഐജി (ആംഡ് പൊലീസ് ബന്‍.), ഡിഐജി (ഇന്റലിജന്‍സ്), ഡിഐജി (പരിശീലനം), ഐജിപി (കൊച്ചി റേഞ്ച്) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള സ്റ്റേറ്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ ടീം ലീഡറും ‘ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ്’ (സിഎപി) പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസറും ആയിരുന്നു. സിഎന്‍എന്‍ – ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്ത വിജയന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്.

അതേസമയം, എലത്തൂര്‍ ട്രെയിന്‍ ഭീകര ആക്രമണ കേസിലെ പ്രതി ഷാരൂഖിനെ കേരളത്തിലേക്ക് കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തില്‍ സസ്പെന്‍ഷന്‍ നേരിട്ടിരിക്കുകയാണ് വിജയന്‍ ഇപ്പോള്‍. ഈ നടപടിക്കെതിരെ പൊലീസ് സേനയില്‍ തര്‍ക്കം ഉയരുന്നുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്‌പെന്‍ഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. എന്നാല്‍, വിജയന്റെ നടപടികള്‍ ഗുരുതര ചട്ട ലംഘനമെന്ന് മറു വിഭാഗം ചൂണ്ടിക്കാട്ടുന്നു.