ന്യൂഡല്‍ഹി: കര്‍ണാടകയിലെ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി. കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ധാരണയിലെത്തി.
‘എഐസിസി പ്രസിഡന്റ്, ഗാന്ധി കുടുംബം, ഇവരുടേയും പാര്‍ട്ടിയുടേയും വിശാല താത്പര്യം മുന്‍ നിര്‍ത്തി ആ ഫോര്‍മുല ഞാന്‍ അംഗീകരിച്ചു. ചില സമയങ്ങളില്‍ ആത്യന്തികമായി വിട്ടുവീഴ്ചകള്‍ വേണ്ടിവരും. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിലുണ്ട്. ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. കര്‍ണാടകയിലെ ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കണം’- ശിവകുമാര്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്ന ശിവകുമാറുമായി സോണിയാ ഗാന്ധി ഇന്നലെ വൈകുന്നേരം സംസാരിച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടിയുടെ താത്പര്യം മുന്‍നിര്‍ത്തി ത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന് ഒടുവില്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പൂര്‍ണ്ണ സന്തോഷവാനല്ലെന്നാണ് ഡി.കെ.ശികുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി.കെ.സുരേഷ് പ്രതികരിച്ചത്. ‘ഞാന്‍ പൂര്‍ണ്ണ സന്തോഷവാനല്ല. എന്നാല്‍ കര്‍ണാടകയുടെ താല്‍പ്പര്യം കണക്കിലെടുത്ത് പ്രതിബദ്ധത നിറവേറ്റാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ഡി.കെ.ശിവകുമാര്‍ ഇത് അംഗീകരിച്ചത്’-സുരേഷ് പറഞ്ഞു.

