ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി ഐശ്വര്യ രാജേഷിനെതിരെ ഇസ്ലാമിക സംഘടനകള്‍ രംഗത്ത്. ഇതിന് പിന്നാലെ താരത്തിന് പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ‘ഫര്‍ഹാന’ എന്ന ചിത്രത്തിനെതിരെയാണ് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.
വിവാദത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് വിശദീകരണവുമായി രംഗത്തെത്തി. സാമൂഹിക ഉത്തരവാദിത്വം പുലര്‍ത്തിയാണ് ഓരോ സിനിമയും ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ലെന്നും തങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ പ്രവൃത്തികളെ അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഓമിറ്റ് നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ ഈ രാജ്യങ്ങളില്‍ ഫര്‍ഹാന സെന്‍സര്‍ ചെയ്ത് പ്രശ്നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. ഇതൊരു വിവാദ ചിത്രമല്ലെന്നതിനുള്ള വ്യക്തതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അവര്‍ പറഞ്ഞു. ഐശ്വര്യ രാജേഷിന് പുറമേ ജിതന്‍ രമേഷ്, അനുമോള്‍, ഐശ്വര്യ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

