സംസ്ഥാനത്തെ ആദ്യ വനിതാ തന്ത്രിയായി ഈ തൃശൂരുകാരി

താന്ത്രികവിദ്യ പഠിച്ച് പൂജാകര്‍മങ്ങള്‍ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യ വനിതാ തന്ത്രിയായി തൃശൂര്‍ കാട്ടൂര്‍ സ്വദേശിനിയായ ജ്യോത്സ്ന. തൃശൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് ജ്യോത്സ്ന പൂജ ചെയ്യുന്നത്. ക്ഷേത്രപരിസരത്ത് ഓടിക്കളിച്ചുവളര്‍ന്ന ജ്യോത്സ്ന പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വനിതാ തന്ത്രിയായി ചരിത്രം കുറിച്ചത്.

പൈങ്കണ്ണിക്കാവ് ക്ഷേത്രം തന്ത്രി തരണല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിയുടെയും അര്‍ച്ചന അന്തര്‍ജനത്തിന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് ജ്യോത്സ്ന. പൂജാ കര്‍മങ്ങളോടുള്ള മകളുടെ താല്‍പര്യം കണ്ട് അച്ഛന്‍ തന്നെയാണ് മകളെ താന്ത്രിക വിദ്യ പഠിപ്പിച്ചത്. അമ്മ അര്‍ച്ചനക്കും താന്ത്രികവിദ്യ അറിയാം.

കാലടി സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃതം വേദാന്തത്തില്‍ ബിരുദത്തിന് രണ്ടാം റാങ്കും കാഞ്ചീപുരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയ സര്‍വകലാശാലയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദത്തിന് ഒന്നാം റാങ്കും ജ്യോത്സ്‌ന കരസ്ഥമാക്കി. ഇപ്പോള്‍ മദ്രാസ് സര്‍വകലാശാലയില്‍ സംസ്‌കൃത വേദാന്തത്തില്‍ രണ്ടാം ബിരുദാനന്തര ബിരുദം കഴിഞ്ഞിരിക്കുകയാണ്.