തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റകൃത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍
‘പുതിയ അധ്യയന വര്‍ഷം ആരംഭിക്കാറായിട്ടും എട്ട് സര്‍വകലാശാലകളില്‍ വി.സിമാരെ നിയമിക്കാതെ സി.പി.എമ്മിന്റെ ഇന്‍ചാര്‍ജ് ഭരണമാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്. എം.ജി സര്‍വകലാശാല വി.സിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പുതിയ വി.സി തിരഞ്ഞെടുക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് കേസിലെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അവശേഷിക്കുന്ന നാല് സര്‍വകലാശാലകളിലെ വി.സിമാര്‍ക്ക് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് രാജിവയ്ക്കുന്നില്ലെന്ന് ചോദിച്ച് ചാന്‍സലര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് കാലാവധി കഴിഞ്ഞ വി.സി തുടരുന്നത്. ഇങ്ങനെ സമീപ ദിവസങ്ങളില്‍ കേരളത്തിലെ 14 സര്‍വകലാശാലകളിലും വി.സിമാര്‍ ഇല്ലാത്ത വിചിത്രമായ അവസ്ഥയുണ്ടാകും. സാധാരണയായി ഒരു വി.സിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പുതിയ ആളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമം ആരംഭിക്കാറുണ്ട്. വി.സിമാരെ തിരഞ്ഞെടുക്കുന്ന സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധികളെ അയയ്ക്കരുതെന്നാണ് സി.പി.എം നിര്‍ദേശം. സര്‍വകലാശാല പ്രതിനിധി ഇല്ലാതെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കാനാകില്ല. എന്നിട്ടും സര്‍ക്കാരും ഉന്നത വിദ്യാഭ്യാസമന്ത്രിയും നോക്കുകുത്തിയായി ഇരിക്കുകയാണ്. കാട്ടാക്കട കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി ജയിച്ച പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി പകരമായി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുടെ പേര് സര്‍വകലാശാലയിലേക്ക് നല്‍കിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ജില്ലയിലെ സി.പി.എം ഉന്നത നേതാക്കളുടെ അറിവോടെ നടന്ന ആള്‍മാറാട്ടത്തെക്കുറിച്ച് ഗൗരവകരമായ അന്വേഷണം നടത്തണം. അഴിമതി ക്യാമറ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒരു മറുപടിയും നല്‍കുന്നില്ല. അഴിമതിക്കെതിരായ നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ്. പിണറായി സര്‍ക്കാരിന്റെ കാലത്തെ കൊള്ള സംബന്ധിച്ച് ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. അഴിമതി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് കുറ്റപത്രം സമര്‍പ്പിക്കും’

