ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം പൂർത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു. മൂന്ന് മാസം കൂടി സമയമാണ് സെബിയ്ക്ക് സുപ്രീം കോടതി അനുവദിച്ചത്. ഓഗസ്റ്റ് 13 ന് അകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസത്തെ സമയം ആണ് അന്വേഷണം പൂർത്തിയാക്കാൻ സെബി തേടിയിരുന്നത്. എന്നാൽ അനിശ്ചിതമായി അന്വേഷണം നീട്ടികൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അദാനി ഗ്രൂപ്പുമായോ മറ്റു കമ്പനികളുമായോ ബന്ധപ്പെട്ട് ഓഹരി വിപണിയിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ രൂപീകൃതമായ സമിതിയോട് അന്വേഷണം തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിലെ കക്ഷികൾക്ക് ഈ റിപ്പോർട്ട് കൈമാറണമെന്നും കോടതി കൂട്ടിച്ചേർത്തു.

