തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പിഎസ്‌സി നിയമനങ്ങളില്‍ കൂടുതല്‍ സംവരണം വേണമെന്ന ശുപാര്‍ശയുമായി ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍. എന്നാല്‍, ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്‌കോളര്‍ഷിപ്പില്‍ കമ്മീഷന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല.
അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80:20 എന്ന നിലയില്‍ മുസ്ലീം വിഭാഗങ്ങള്‍ കയ്യടക്കുന്നുവെന്ന് ക്രൈസ്തവ വിഭാഗം പ്രതിഷേധം ഉയര്‍ത്തിയതിനിടെയായിരുന്നു രണ്ട് വര്‍ഷം മുമ്പ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. 80-20 റദ്ദാക്കി സ്‌കോളര്‍ഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തില്‍ വേണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും മുസ്ലീം വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് മൂലം സര്‍ക്കാര്‍ തന്നെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ അന്തിമനിലപാട് അനുസരിച്ച് തുടര്‍ നടപടി എന്നതാണ് കമ്മീഷന്റെ നിലപാട്.
നിയമന റൊട്ടേഷന്‍ പ്രകാരം പരിവര്‍ത്തിത ക്രൈസ്തവര്‍ പിന്തള്ളപ്പെടുന്നുവെന്ന പ്രധാന പരാതിയുള്ളതിനാല്‍ ഇവര്‍ക്കും ക്രൈസ്തവ സമുദായത്തിലെ പിന്നോക്കക്കാര്‍ക്കും പി എസ് സി നിയമനങ്ങളില്‍ സംവരണം കൂട്ടണമെന്നാണ് ശുപാര്‍ശ. തീരദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് പുനരധിവാസത്തിനുള്ള തുക കൂട്ടണം, വീട് വെച്ച് നല്‍കുന്നത് തീരത്തിനടുത്തായിരിക്കണം, മലയോരമേഖലയില്‍ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണം. വന്യമൃഗ ആക്രമണങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. അങ്ങനെ അഞ്ച് ലക്ഷത്തോളം പരാതികളാണ് കമ്മീഷന് കിട്ടിയത്.

