ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിന് ഏഴ് വര്‍ഷം വരെ തടവ്; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിന് ആറ് മാസം തടവാണ് കുറഞ്ഞ ശിക്ഷ. ഏഴ് വര്‍ഷം തടവാണ് പരമാവധി ശിക്ഷ.

അതേസമയം, നാശനഷ്ടങ്ങള്‍ക്ക് ഉപകരണങ്ങളുടെ വിപണി വിലയുടെ ആറിരട്ടി നഷ്ടപരിഹാരം ഈടാക്കും. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ പെടും.

ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലെ ഉള്‍പ്പടെ ഹൗസ് സര്‍ജന്‍മാര്‍, പി.ജി ഡോക്ടര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും രോഗീപരിചരണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന എല്ലാവിദ്യാര്‍ത്ഥികളെയും ഇത്തരം പഠന കേന്ദ്രങ്ങളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.