സംസ്ഥാനത്ത് കാലവർഷം ജൂൺ 4ന് എത്തിയേക്കും: പ്രവചനവുമായി കാലാവസ്ഥ വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ മൺസൂൺ എത്തുക നാല് ദിവസം വൈകിയായിരിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ജൂൺ ഒന്നിനാണ് സാധാരണയായി കാലവർഷം ആരംഭിക്കുക. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു തവണ മാത്രമാണ് ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്.

2018, 2022 തുടങ്ങിയ വർഷങ്ങളിൽ പതിവിലും നേരത്തെയാണ് കാലവർഷം അനുഭവപ്പെട്ടു തുടങ്ങിയത്. അതേസമയം 2019, 2021 വർഷങ്ങളിൽ വൈകിയാണ് കാലവർഷം ആരംഭിച്ചത്. മെയ് 20 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.