ആലപ്പുഴ: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബോട്ടുകളിൽ പരിശോധന കർശനമാക്കുന്നു. ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ 3 ഹൗസ് ബോട്ടുകളാണ് പിടിച്ചെടുത്തത്. മതിയായ രേഖകളോ സുരക്ഷാസംവിധാനങ്ങളോ ഇവയ്ക്ക് ഇല്ലായിരുന്നു എന്നാണ് കണ്ടെത്തൽ.
9 ഹൗസ് ബോട്ടുകൾ പരിശോധിച്ചപ്പോൾ ആകെ ഒരെണ്ണത്തിന് മാത്രമായിരുന്നു രേഖകളെല്ലാം ഉണ്ടായിരുന്നത്. ഇതിൽ അഞ്ചെണ്ണത്തിന് പിഴ ചുമത്തി. 1,10,000 രൂപയാണ് പിഴ. രേഖകൾ എല്ലാം ഇല്ലാത്ത ഹൗസ് ബോട്ടുകൾക്ക് പോർട്ട് ഓഫീസിലെത്തി വിശദീകരണം നൽകാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
പോർട്ട് ഉദ്യോഗസ്ഥരും ടൂറിസം പോലീസും രണ്ട് സംഘങ്ങളായാണ് ആലപ്പുഴയിൽ പരിശോധന നടത്തിയത്. താനൂർ ബോട്ടപകടത്തിന് ശേഷം ഇത് അഞ്ചാം ദിവസമാണ് ആലപ്പുഴയിൽ പരിശോധന നടത്തുന്നത്. ആലപ്പുഴയിൽ നിന്ന് പിടിച്ചെടുത്ത മൂന്ന് ബോട്ടുകൾ യാർഡിലേക്ക് മാറ്റി. വരും ദിവസങ്ങളിലും പരിശോധന തുടരും എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. നിയമലംഘനം കണ്ടെത്തുന്ന ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി ആയിരിക്കും സ്വീകരിക്കുക.

