ലക്നൗ: ഐ.പി.എല്ലില്‍ ജയിക്കാന്‍ 178റണ്‍സ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യന്‍സിനെ 172/5 എന്ന സ്കോറില്‍ ഒതുക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. 47 പന്തുകളില്‍ നാലുഫോറും എട്ടുസിക്സുമടക്കം 89 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍ക്കസ് സ്റ്റോയ്നിസും 42 പന്തുകളില്‍ 49 റണ്‍സ് നേടി പരിക്കേറ്റു മടങ്ങിയ ക്യാപ്ടന് ക്രുനാല്‍ പാണ്ഡ്യയുമാണ് ലക്നൗവിനെ 177/3 എന്ന സ്കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി ഇഷാന് കിഷന് (59),രോഹിത് ശര്‍മ്മ (37) ടിം ഡേവിഡ് (32*) എന്നിവര്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ജയിക്കാന്‍ 11 റണ്‍സ് മാത്രം മതിയായിരുന്ന അവസാന ഓവറില്‍ ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിരുന്നിട്ടും അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത മൊഹ്സിന്‍ ഖാനാണ് ലക്നൗവിന് വിജയമൊരുക്കിയത്.
ഈ വിജയത്തോടെ 13 കളികളില്‍ നിന്ന് 15 പോയിന്റായ ലക്നൗ ചെന്നൈയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ്. മുംബയ് 14 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് അത്ര മികച്ച തുടക്കമായിരുന്നില്ല. ഓപ്പണര്‍ ദീപക് ഹൂഡയെ (5)മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നഷ്ടമായി.ബ്രെന്ഡോര്ഫിന്റെ പന്തില്‍ ഡേവിഡിന് ക്യാച്ച് നല്‍കിയാണ് ഹൂഡ മടങ്ങിയത്. രണ്ടാം പന്തില്‍ പ്രേരക് മങ്കാഡിനെയും (0)ബ്രെന്‍ഡോര്‍ഫ് മടക്കി അയച്ചു. രണ്ട് സിക്സുകള്‍ പറത്തി മുന്നേറിയ ക്വിന്റണ്‍ ഡികോക്കിനെ (16) ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ പിയൂഷ് ചൗളയാണ് പുറത്താക്കിയത്. ഇതോടെ ലക്നൗ 35/3 എന്ന നിലയിലായി.
തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച നായകന് ക്രുനാല്‍ പാണ്ഡ്യയും (49* റിട്ടയേഡ് ഹര്‍ട്ട്) മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്നാണ് ഈ തകര്‍ച്ചയില്‍ നിന്ന് ലക്നൗവിനെ പതിയെ കരകയറ്റിയത്.14-ാം ഓവറിലാണ് ടീം 100 കടന്നത്. 16-ാം ഓവറില്‍ ടീം സ്കോര്‍ 117ല്‍ നില്‍ക്കുമ്ബോഴാണ് ക്രുനാലിന് പരിക്കേറ്റത്. റണ്‍ഔട്ട് ഒഴിവാക്കാന്‍ നടത്തിയ ശ്രമമാണ് ക്രുനാലിന് പ്രശ്നമായത്. 42 പന്തുകള്‍ നേരിട്ട ക്രുനാല്‍ ഓരോ ഫോറും സിക്സുമാണ് പായിച്ചത്. തുടര്‍ന്ന് നിക്കോളാസ് പുരാന് ക്രീസിലെത്തി. എന്നാല്‍ പിന്നീട് സ്റ്റോയ്നിസിന്റെ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 24 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്.

