വന്ദന ദാസിന് നീതി ഉറപ്പാക്കണം; മഹിളാ കോണ്‍ഗ്രസിന്റെ ഉപവാസ സമരം ആരംഭിച്ചു

കൊല്ലം: ഡോ. വന്ദന ദാസിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രതിഷേധ സമരം. മഹിളാ കോണ്‍ഗ്രസിന്റെ മറ്റ് സംസ്ഥാന ഭാരവാഹികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും, ഡോ.വന്ദനയ്ക്ക് എക്സ്പീരിയന്‍സ് കുറവാണെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേരളത്തെയാകെ ഞെട്ടിച്ചെന്നും മന്ത്രി രാജിവയ്ക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിലുള്ളവര്‍ നേടിരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനാവശ്യമായ നിയമനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് മഹിളാ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.

അതേസമയം, പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. പ്രതിയ്ക്ക് വേണ്ടി പ്രൊഡക്ഷന്‍ വാറണ്ട് കഴിഞ്ഞദിവസം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.