രാജ്യം മുഴുവന്‍ ചിത്രത്തിന്റെ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തണം. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ലോകം മുഴുവന്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും ദി കേരള സ്റ്റോറിയുടെ സംവിധായകന് സുദീപ്തോ സെന്‍. കൂടാതെ ചിത്രത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന് ലഭിച്ച സ്വീകരണം തന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കുന്നുവെന്നും അനുഗ്രഹീതനാകുന്നതായി തോന്നുന്നുവെന്നും സംവിധായകന് നേരത്തെ പ്രതികരിച്ചിരുന്നു. ചിത്രത്തിന് ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രദര്‍ശനം നികുതിമുക്തമാക്കിയിരുന്നു. ഇതാകാം കളക്ഷന്‍ വര്‍ദ്ധിക്കാന്‍ ഇടയായതെന്നും കരുതുന്നു. 40 രാജ്യങ്ങളില്‍കൂടി ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തുകയാണ്. താന്‍ കൂടുതല്‍ അനുഗ്രഹീതനായി തോന്നുന്നെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഉള്ളടക്കത്തിന്റെ പേരില്‍ സുപ്രീംകോടതി വരെയെത്തിയ കേരള സ്റ്റോറിക്കെതിരെ കേരളത്തിന് പുറമേ തമിഴ്നാട്ടിലും ബംഗാളിലും വികാരമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ റിലീസിന് പിന്നാലെ ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. ബംഗാളില്‍ പ്രദര്‍ശനവിലക്കുമുണ്ടായി. ഈ വിവാദങ്ങള്‍ക്കിടയിലും ചിത്രം 100 കോടി ക്ളബ്ബില്‍ ഇടംപിടിച്ചു.

