ഭിന്ന ശേഷി തസ്തിക പാലിക്കണം; നിലവിൽ നിയമനം കിട്ടിയവരെ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി തസ്തിക സംവരണം വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പിലീൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. സംസ്ഥാന സർക്കാരിനും എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കുമാണ് കോടതി നോട്ടീസ് നൽകിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവിരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ഭിന്നശേഷി തസ്തിക പാലിക്കാതെ നിയമനം നടത്തിയ അധ്യാപകരെ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ഭിന്ന ശേഷി തസ്തിക പാലിക്കണമെന്നും എന്നാൽ നിലവിൽ നിയമനം കിട്ടിയവരെ പിരിച്ചുവിടരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനങ്ങൾ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി സർക്കാരിനും മാനേജ്‌മെന്റിനും നിർദ്ദേശം നൽകുകയും ചെയ്തു.

വിഷയത്തിൽ സർക്കാരും മാനേജമെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമെ കോടതി തുടർനടപടി സ്വീകരിക്കു. എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ 2018 നവംബർ 18 നും 2021 നവംബർ 8 നും ഇടയിൽ ഉണ്ടായ ഒഴിവിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫിസർ താൽക്കാലികമായി നിയമന അംഗീകാരം നൽകണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നത്. നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർഥി ചുമതലയേൽക്കുന്നതു വരെയാണു നിയമനം എന്ന നിർദ്ദേശമാണ് ഹൈക്കോടതി നൽകിയത്. സംവരണം പാലിക്കാതെ നിയമനം നടത്തിയയെന്ന ഭിന്നശേഷിക്കാരുടെ ഹർജിയിലായിരുന്നു ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.