ബംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍. ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് പോകുന്നതിന് മുമ്പായി എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാര്‍ട്ടിക്ക് വേണമെങ്കില്‍ എനിക്ക് ഉത്തരവാദിത്തം നല്‍കാം. 135 അംഗ സംഖ്യയുള്ള ഒരുമയുള്ള വീടാണ് ഞങ്ങളുടേത്. ആരെയും ഭിന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്കെന്നെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ ഉത്തരവാദിത്തമുള്ള ആളാണ്. ഞാന്‍ പിന്നില്‍ നിന്ന് കുത്തുകയോ ബ്ലാക്ക്മെയില്‍ ചെയ്യുകയോ ഇല്ല. പാര്‍ട്ടി എന്റെ ദൈവമാണ്. ഞങ്ങള്‍ പടുത്തുയര്‍ത്തിയതാണ് ഈ പാര്‍ട്ടി. ഞാനതിന്റെ ഒരു ഭാഗമാണ്. ഒരു അമ്മ അതിന്റെ കുഞ്ഞിന് എല്ലാം നല്‍കും. സോണിയ ഗാന്ധിയാണ് ഞങ്ങളുടെ റോള്‍ മോഡല്‍. കോണ്‍ഗ്രസ് എല്ലാവരുടേയും കുടുംബമാണ്. നമ്മുടെ ഭരണഘടന പ്രധാനമാണ്. അതുകൊണ്ട് തന്നെ എല്ലാവരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. നേരത്തെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് അടഞ്ഞ അധ്യായമാണ്. ഞങ്ങള്‍ ഒരു സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അത് തകര്‍ന്നു, പരാജയപ്പെട്ടു. ജയത്തിനും തോല്‍വിക്കും ഉത്തരവാദികള്‍ ആരാണെന്ന് ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ കഥ വില്‍ക്കേണ്ടതില്ല. ഭാവിയെ കുറിച്ചുള്ള കഥ വില്‍ക്കാം. മോശം ചരിത്രത്തിലേക്ക് പോകാന്‍ എനിക്ക് താല്‍പര്യമില്ല. ലോക്‌സഭയില്‍ 20 സീറ്റുകള്‍ നേടുക എന്നതാണ് ഞങ്ങളുടെ അടുത്ത വെല്ലുവിളി’- ശിവകുമാര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും അവകാശവാദമുന്നയിച്ചതോടെ കരുതലോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മധ്യപ്രദേശില്‍നിന്നും രാജസ്ഥാനില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ഒന്നിച്ചു കൊണ്ടുപോകാനുള്ള നീക്കങ്ങളാണു നേതൃത്വം നടത്തുന്നത്. രണ്ടര വര്‍ഷം വീതം അധികാരം പങ്കിടുന്നതിനുള്ള സാധ്യതയാണു നേതൃത്വം പരിഗണിക്കുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ, പിന്നീട് ശിവകുമാര്‍. അതിനിടെ, സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍,
സിദ്ധരാമയ്യയുടെ പ്രായവും നിയമസഭാകക്ഷിയിലെ പിന്തുണയും കണക്കിലെടുത്ത്, അദ്ദേഹത്തിനു തന്നെയാകും സര്‍ക്കാരിനെ നയിക്കാന്‍ ഹൈക്കമാന്‍ഡ് അവസരം നല്‍കുകയെന്നാണു സൂചന.

