ചെന്നൈയെ തകര്‍ത്ത് കൊല്‍ക്കത്ത

ചെന്നൈ: ക്യാപ്റ്റന്‍ നിതീഷ് റാണയുടേയും റിങ്കു സിങ്ങിന്റേയും മികവില്‍ ചെന്നൈയെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആറ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. ചെന്നൈ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത ഒമ്ബത് പന്ത് ശേഷിക്കേ മറികടന്നു. റിങ്കു സിങ് 43 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ നിതീഷ് റാണ 44 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നേരത്തേ ചെന്നൈയെ പന്ത് കൊണ്ട് വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്ത ബോളര്‍മാരാണ് ആതിഥേയരെ വെറും 144 റണ്‍സിലൊതുക്കിയത്. ചെന്നൈക്കായി 48 റണ്‍സെടുത്ത ശിവം ദുബേയും 30 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ഗെയ്ക് ദിനെ വരുണ്‍ ചക്രവര്‍ത്തി കൂടാരം കയറ്റി. എട്ടാം ഓവറില്‍ 16 റണ്‍സെടുത്ത അജിന്‍ക്യ രഹാനയെ ചക്രവര്‍ത്തി ജേസണ്‍ റോയുടെ കയ്യിലെത്തിച്ചു.പിന്നീട് കൃത്യമായ ഇടവേളകളില്‍ ചെന്നൈ വിക്കറ്റുകള്‍ വീണ് കൊണ്ടേയിരുന്നു. അവസാന ഓവറുകളില്‍ ദുബേയും ജഡേജയും ചേര്‍ന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ചെന്നൈയെ മികച്ച സ്‌കോറിലെത്തിക്കാനായില്ല. 24 പന്ത് നേരിട്ടാണ് ജഡേജ 20 റണ്‍സെടുത്തത്.