കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.
‘വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകളല്ലാതെ മറ്റ് അലങ്കാര ലൈറ്റുകള്‍ വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുണ്ട്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുമെതിരെ നടപടി വേണം. എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴത്തുക നല്‍കേണ്ടി വരിക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവയ്ക്കെതിരെയും നടപടി വേണം. രാജ്യത്തെ മോട്ടോര്‍വാഹന നിയമപ്രകാരം ഒരു വാഹനത്തിലും ഇത്തരം ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിക്കാനാവില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ വാഹന ഉടമകള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി വേണം’- ഹൈക്കോടതി ഡിവിഷന് ബെഞ്ച് സംസ്ഥാന പോലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്കി.

