ന്യൂഡൽഹി: ഇലക്ട്രിക്ക് വാഹന മേഖലയ്ക്ക് ഉണർവ്വേകുന്ന തരത്തിലുള്ള പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനം സംബന്ധിച്ച് വ്യവസായ പ്രമുഖരുമായി ചർച്ച നടത്തുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിന് ഊന്നൽ നൽകുന്നതിനൊപ്പം, സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനത്തിനായി നിരവധി കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ അദ്ദേഹം അറിയിച്ചത്. കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി (സിഐഐ)യുടെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നിതിൻ ഗഡ്കരിയുടെ പരാമർശമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മലിനീകരണ രഹിതവും തദ്ദേശീയവുമായ സാങ്കേതികവിദ്യയുടെ വികസനം അനിവാര്യമാണ്. സുസ്ഥിര വികസനമാണ് ആത്യന്തിക ലക്ഷ്യം. ഇറക്കുമതിക്ക് പകരം ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി. വാണിജ്യ മോഡലുകൾ നിർമ്മിക്കാൻ വൻകിട കമ്പനികളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ഇലക്ട്രിക് ഹൈവേകൾ സാമ്പത്തികമായി ലാഭകരമാക്കുന്നതിനെക്കുറിച്ച് താൻ ടാറ്റയുമായും മറ്റു ചിലരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

