കര്‍ണാടക വിജയം കേരളത്തിലെ കോണ്‍ഗ്രസിനും മാതൃകയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നിച്ചു നിന്ന് പൊരുതിയാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം :
എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്….
കര്‍ണാടക വിജയം നമുക്ക് മാതൃകയാണ്. കര്‍ണാടക നമ്മളില്‍ ഓരോരുത്തര്‍ക്കും പാഠമാണ്. ഒന്നിച്ചു നിന്ന് പൊരുതിയാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച എന്റെ പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കടപ്പെട്ടിരിക്കുന്നു. പരാജയങ്ങളില്‍ പാര്‍ട്ടിയെ താങ്ങി നിര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എന്റെ സല്യൂട്ട്… നിങ്ങളാണ് ഈ പാര്‍ട്ടി, നിങ്ങളുടെ ത്യാഗമാണ് നമ്മുടെ വിജയം.
കോണ്‍ഗ്രസ്സിനോളം സ്‌നേഹിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലില്ല. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്‌നേഹത്തിന്റെ നൂലില്‍ മനുഷ്യരാശിയെ കോര്‍ത്തിണക്കാന്‍ കഴിവുള്ള, ആഴത്തില്‍ വേരുകള്‍ പതിഞ്ഞ, ശക്തമായ ആശയാടിത്തറയുള്ള മറ്റൊരു പാര്‍ട്ടി ഈ രാജ്യത്തില്ല. ഒറ്റക്കെട്ടായി നിന്ന് നമ്മള്‍ ഒത്തൊരുമിച്ചിറങ്ങിയാല്‍, ഒറ്റ മനസ്സായി ജനങ്ങള്‍ നമുക്ക് പിന്നില്‍ അണിനിരക്കും.
ഇനിയങ്ങോട്ട് കൈമെയ് മറന്നു പൊരുതേണ്ട ദിനങ്ങളാണ്. സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. CUC കളുടെ പൂര്‍ത്തീകരണത്തിന് പാര്‍ട്ടി അത്യധികം പ്രാധാന്യം നല്‍കുന്നുണ്ട്. ആ സംവിധാനത്തില്‍ ആത്മാര്‍ത്ഥതയോടെ കൂടി പ്രവര്‍ത്തിച്ചാല്‍ കര്‍ണാടകയില്‍ ഉണ്ടായതിനേക്കാള്‍ മികച്ച നേട്ടം കേരളത്തില്‍ നമുക്ക് ഉണ്ടാക്കാനാകും.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ കാഹളം കര്‍ണാടകത്തില്‍ മുഴങ്ങി കഴിഞ്ഞു…
വരുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പാണ്…. 20 എംപിമാരെ കേരളത്തില്‍ നിന്ന് വിജയിപ്പിച്ചു അയക്കേണ്ടത് നമ്മുടെ ചുമതലയാണ്.

