തൃശ്ശൂര്‍: കേരള പൊലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൈബര്‍ കേസുകളില്‍ പൊതുവില്‍ പോലീസിന്റെ ഇടപെടല്‍ ജനങ്ങളില്‍ നല്ല വിശ്വാസം ഉണ്ടാക്കുന്നുണ്ട്. പോലീസുകാര്‍ക്ക് അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരുന്നു. ആക്സ്മികമായി ചില സംഭവങ്ങള്‍ ഉണ്ടാകുകയാണ്. ഇത്തരം അപകടമായ സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാപ്തമാകുന്ന രീതിയില്‍ പോലീസ് സജ്ജമാക്കണം. എല്ലാവര്‍ക്കും സ്‌നേഹവായ്‌പോടെ സ്വീകരിക്കാന്‍ പറ്റുന്ന സേനയായി പോലീസ് മാറണം. നിയമ പരിപാലന പ്രശ്‌നം വരുമ്പോള്‍ വിട്ടു വീഴ്ച ചെയ്യരുത്. സംസ്ഥാനത്തെ പൊലീസ് സേനയില്‍ അത്യപൂര്‍വമായി ചിലര്‍ വ്യത്യസ്തമായാണ് പെരുമാറുന്നത്. അവരില്‍ ചിലര്‍ സേനയ്ക്ക് പുറത്തായി. എങ്ങനെ നടന്നാലും സേനയില്‍ തുടരാമെന്നു അവര്‍ കരുതിയിരുന്നു. ആ രീതിക്ക് ഇപ്പോള്‍ മാറ്റം വന്നു. അങ്ങനെയുള്ളവരെ സേനക്ക് ആവശ്യമില്ല. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് പൊലീസിന് ബാഹ്യ ഇടപെടല്‍ തടസമാകില്ല’- മുഖ്യമന്ത്രി വ്യക്തമാക്കി.

