കർണാടക തെരഞ്ഞെടുപ്പ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ക്യാംപിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകുന്നത്. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകുമെന്ന സൂചനയും ലഭ്യമാകുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക ഇനി പാർട്ടിയ്ക്ക് മുന്നിലുള്ള വെല്ലുവിളി.

കോൺഗ്രസിൽ നിന്ന് ജയിച്ചുവന്ന എംഎൽഎമാരിൽ ഭൂരിഭാഗം പേരും സിദ്ധരാമയ്യയെ പിന്തുണക്കുന്നുണ്ട്. ഡി കെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തിനം കോൺഗ്രസ് അർഹമായ പരിഗണന നൽകും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കാൻ സാധ്യതയുണ്ട്.

കർണാടകത്തിൽ ജയിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ഉടൻ ബെംഗളൂരുവിൽ എത്തണമെന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന് മുന്നേറ്റം ലഭിച്ചിട്ടുള്ളത്. ബിജെപി 63 സീറ്റിലേക്ക് താഴുകയും ചെയ്തു. ജെഡിഎസിന് 20 സീറ്റിലാണ് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്.