വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞു; ശശി തരൂർ

തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ സമയമാണിതെന്നും വലിയ സന്തോഷം നിറഞ്ഞ നിമിഷം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കർണാടകയിലെ കോൺഗ്രസിന്റെ ജയത്തിൽ പ്രതികരണവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.