മുഖ്യമന്ത്രിയായ ശേഷമാണ് പിണറായി വിജയന് ആർത്തി തുടങ്ങിയത്; പണ്ടൊന്നും അഴിമതിക്കാരനായിരുന്നില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയായ ശേഷമാണ് പിണറായി വിജയന് ആർത്തി തുടങ്ങിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പണ്ടൊന്നും പിണറായി വിജയൻ അഴിമതിക്കാരനായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിൽ മുൻപും ഇടത് മുഖ്യമന്ത്രിമാരുണ്ടായിരുന്നു. അവരെക്കുറിച്ചൊന്നും തങ്ങളിങ്ങനെ പറഞ്ഞിട്ടില്ല. എന്തുപറ്റി പിണറായി വിജയനെന്നും അദ്ദേഹം ചോദിച്ചു.

പാർട്ടി നേതാക്കന്മാർ പിണറായി വിജയനെ സംരക്ഷിക്കുന്നു. ആ സംരക്ഷണം മനസറിഞ്ഞു കൊണ്ടല്ല. മുഖ്യമന്ത്രിയുടെ ഓരോ അഴിമതിയും ജനം എണ്ണിക്കണക്കുകൂട്ടി മനസിൽ സൂക്ഷിക്കുന്നുണ്ട്. പണ്ടൊന്നും പിണറായി വിജയൻ അഴിമതിക്കാരനല്ല. തന്റെ നാട്ടുകാരനും എനിക്ക് ചെറുപ്പം തൊട്ടേ അറിയുന്നയാളുമാണ് പിണറായി. മുഖ്യമന്ത്രി ആയതിന് ശേഷം പിണറായിക്ക് പണത്തോടുള്ള ആർത്തിയും കുടുംബത്തോടുള്ള സ്‌നേഹവും മക്കളെ വഴിക്കെത്തിക്കാനുള്ള അത്യുത്സാഹവും അദ്ദേഹത്തെ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാക്കിയെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷന്റെ വക്താവായി മാറി. ബിജെപി നേതാവിന്റെ കള്ളപ്പണക്കേസ് പോലും മുഖ്യമന്ത്രി ഒത്തുതീർപ്പാക്കി. അതിന് പകരമായി സംസ്ഥാന സർക്കാരിനെ ബിജെപി സംരക്ഷിക്കുന്നു. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്? ലഹരിയുടെ ഇടനിലക്കാർ ഇവിടുത്തെ ഇടതുപക്ഷക്കാരാണെന്നും ക്രിമിനലുകളാണെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം തടവുകാർ ജയിലറകളിൽ ലഹരി വിറ്റ് കാശുണ്ടാക്കുന്നു. കേരളത്തിന്റെ സെൻട്രൽ ജയിലുകളിൽ സിപിഎമ്മിന്റെ കൊലക്കേസ് പ്രതികൾ ചെയ്യുന്ന ബിസിനസ് അതാണ്. ജയിലുകൾ മാറ്റി പല തടവുകാരെയും. എന്നാൽ ചിലരെ മാറ്റാതിരിക്കാൻ പാർട്ടി തന്നെ ഇടപെടുന്നു. ലഹരി വിൽക്കുന്ന ഇടനിലക്കാരായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇടപെടുന്നു. ഇതൊക്കെ ഈ നാടിനെ എവിടെ കൊണ്ടെത്തിക്കുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.