ആലപ്പുഴ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2024ൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കും എന്നാണ് പ്രഖ്യാപനം. ബിജെപിയെ മാറ്റി നിർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രം ചരിത്രത്തെ മാറ്റുന്നു, പാഠ്യ പദ്ധതികളിൽ മാറ്റം വരുത്തുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കുള്ളത് സവർക്കർക്ക് മാത്രം എന്നാണ് പ്രചാരണം. ദേശീയ സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രമാണെന്ന് സിപിഎമ്മിന് അഭിപ്രായമില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രക്തസാക്ഷിത്വം വരിച്ച നിരവധി ആളുകളുണ്ട്. ഭഗത് സിംഗും, ചന്ദ്രശേഖർ ആസാദും, സുബാഷ് ചന്ദ്ര ബോസുമടക്കം രക്തസാക്ഷികളുടെ പ്രവർത്തനഫലമായി കൂടിയാണ് സ്വാതന്ത്ര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർസനം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സർക്കാരിനെ പാരവയ്ക്കാൻ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഈ ആക്ഷേപങ്ങൾ ജനം വിശ്വസിക്കില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 16,500 കോടി രൂപയുടെ വികസനപദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യവും ഉടൻ യാഥാർഥ്യമാകും. കേന്ദ്ര സർക്കാർ അദാനി-അംബാനിമാരെ സംരക്ഷിക്കുമ്പോൾ കേരള സർക്കാർ ദരിദ്രർക്കായി നിലകൊള്ളുന്നു. ഇത് പ്രതിപക്ഷത്തെ വല്ലാതെ ബേജാറാക്കുന്നുണ്ട്. മനുഷ്യത്വമില്ലാത്ത വിധമാണ് ചില മാധ്യമങ്ങളുടെ വാർത്തകൾ. വസ്തുതകൾ മനസ്സിലാക്കി ജനങ്ങൾ ഇവ തിരസ്‌കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

