സിബിഎസ്ഇ പരീക്ഷാഫല പ്രഖ്യാപനം: വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിലും നിശ്ചയദാർഢ്യത്തിലും വളരെയധികം അഭിമാനം കൊള്ളുന്നു എന്ന് അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച രക്ഷിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയാത്ത വിദ്യാർത്ഥികളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളെ നിർവചിക്കുന്നത് പരീക്ഷകൾ അല്ലെന്നും താല്പര്യമുള്ള മേഖലകൾ കണ്ടെത്തി പ്രവർത്തിച്ചാൽ ഉറപ്പായും ശോഭിക്കാൻ കഴിയും എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ കൂടുതൽ മികച്ച പ്രകടനം നടത്താമായിരുന്നു എന്ന് പറയുന്ന വിദ്യാർത്ഥികളോട് തനിക്ക് പറയാനുള്ളത് ഇതാണെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി ഈ വാക്കുകൾ ട്വിറ്ററിൽ കുറിച്ചത്.