കേരളം നമ്പര്‍ വണ്‍ തന്നെ; പക്ഷേ അഴിമതിയിലും കുറ്റകൃത്യങ്ങളിലുമെന്ന് പ്രകാശ് ജാവ്ദേക്കര്‍

തിരുവനന്തപുരം: കേരളം നമ്പര്‍ വണ്‍ ആണെന്ന് പിണറായി വിജയന്‍ എപ്പോഴും പറയുന്നത് തങ്ങള്‍ അംഗീകരിക്കുന്നുവെന്നും അത് പക്ഷേ അഴിമതിയും കുറ്റകൃത്യങ്ങളിലുമാണ് നമ്പര്‍ വണ്‍ എന്നും ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പരിഹസിച്ചു.

‘കേരള മുഖമ്യമന്ത്രി പിണറായി വിജയന്‍ എപ്പോഴും പറയും കേരളം എപ്പോഴും ഒന്നാമാതെന്ന്, ശരിയാണ് ഞങ്ങള്‍ അത് അംഗീകരിക്കുന്നു, കേരളം ഒന്നാമതാണ്. കുറ്റകൃത്യങ്ങളില്‍, അഴിമതിയില്‍, സ്വജനപക്ഷപാതത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടുള്ള സ്വര്‍ണക്കടത്തില്‍, കള്ളപ്പണം വെളുപ്പിക്കലില്‍, ലഹരിയിലും ലോട്ടറിയിലും മദ്യത്തിലും കേരളം ഒന്നാമത് തന്നെ. കഴിഞ്ഞ ദിവസം ഒരു വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ടു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍, കൊലപാതകം, കൊള്ള, വഞ്ചന, മോഷണം, ആക്രമണങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. എസ്എന്‍സി ലാവലിന്‍ അഴിമതി, സോണ്ട മാലിന്യ സംസ്‌കരണ കമ്പനിക്ക് അനുകൂലമായി മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു, കെ-ഫോണിലും എഐ ക്യാമറയിലും അഴിമതി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഓരോ അഴിമതിയും കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്’- ജാവ്ദേക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.