ഡോ. വന്ദനാ ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ വനിതാ ഡോ. വന്ദനാ ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വന്ദനയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ചിന്താ ജെറോം, രമേശ് പിഷാരടി തുടങ്ങിയവർ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.25നാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. 10 മിനിറ്റോളം താരം വീട്ടിൽ ചെലവഴിച്ചു.

വന്ദനയുടെ പിതാവ് മോഹൻദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചു. അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ പേര് നൽകും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വന്ദനയോടുള്ള ആദരസൂചകമായാണ് നടപടി. നാമകരണത്തെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.