തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ ഡോക്ടർമാർ ആരംഭിച്ച സമരം പിൻവലിച്ചു. സ്വകാര്യ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. സമരം നടത്തുന്ന സംഘടനകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളിലും അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായത്. സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.
ജൂനിയർ ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും ജോലി സാഹചര്യം, സുരക്ഷിതത്വം എന്നീ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തെ മാനിക്കുന്നു. സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടി. ബുധനാഴ്ച ഓർഡിനൻസ് ഇറങ്ങിയില്ലെങ്കിൽ സമരം കടുപ്പിക്കുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

