2024 ലോക്സഭാ തിരഞ്ഞെടുപ്പ്; വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള ശ്രമങ്ങളോടൊപ്പമല്ലെന്ന് നവീൻ പട്നായിക്

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള ശ്രമങ്ങളോടൊപ്പമല്ലെന്ന് അറിയിച്ച് ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലായ്പ്പോഴും തങ്ങളുടെ നയം അതുതന്നെയാണെന്നും അദ്ദേഹം അറിയിച്ചു.

ഒറ്റയ്ക്ക് നിൽക്കുക എന്നത് എപ്പോഴും തങ്ങളുടെ തത്വമാണ്. തങ്ങളുടെ സമദൂര സിദ്ധാന്തം തുടരുമെന്ന സൂചന നൽകിയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത്. പ്രതിപക്ഷത്തോടൊപ്പമുള്ള മൂന്നാം മുന്നണിയിൽ ചേരുമോ എന്ന ചോദ്യത്തിന് ‘ഇല്ല, തന്നെ സംബന്ധിച്ച് അതിന്റെ ആവശ്യകത ഇപ്പോഴില്ലെന്നാണ് അദ്ദേഹം നൽകിയ മറുപടി.