കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വന്ദന ദാസിന്റെ കൊലപാതകത്തില്‍ ഗുരുതരമായ അനാസ്ഥ ഉണ്ടായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കുറ്റം സംഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. വന്ദനയെ സംരക്ഷിക്കാന്‍ ആ സമയത്ത് ആരുമുണ്ടായില്ല എന്നത് സത്യമാണ്. ഇനി ഒരു ഡോക്ടര്‍ക്കും ഈ അവസ്ഥ വരാതിരിക്കട്ടെ’- അദ്ദേഹം പറഞ്ഞു.
അതേസമയം, ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതിനിടെ, പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍, പ്രതി പൊലീസിനെ ഫോണില്‍ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ സന്ദീപ് പറഞ്ഞത്.

