കൊല്ലപ്പെട്ട ഡോക്ടർക്ക് എക്സ്പീരിയൻസ് കുറവായിരുന്നുവെന്ന് ആരോഗ്യമന്ത്രി; മറുപടിയുമായി ഗണേഷ് കുമാർ

കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊല്ലപ്പെട്ട ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പരാമർശം.

ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിർഭാഗ്യകരമായ സംഭവമാണ് കൊട്ടാരക്കരയിൽ നടന്നത്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് ഡോക്ടർ കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും സിഎംഒ അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്‌സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടമാർ അറിയിച്ചിട്ടുള്ളതെന്നായിരുന്നു വീണാ ജോർജ് പറഞ്ഞത്.

അതേസമയം, ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി എംഎൽഎ ഗണേഷ് കുമാർ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്‌പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ ഇയാൾ കുത്തിയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.