വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ യുവാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

കോട്ടയം സ്വദേശി ഡോക്ടര്‍ വന്ദന ദാസാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂള്‍ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ പ്രാഥമിക ചികിത്സക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചതിനിടെയാണ് അതിക്രമം നടത്തിയത്.

ആശുപത്രിയിലെ കത്രികയെടുത്ത് ഇയാള്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്ക്കേറ്റത്. ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ പൊലീസുകാരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.