യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 15 മുതൽ നാമനിർദ്ദേശ പത്രിക നൽകാം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്. ഈ മാസം 15 മുതൽ നാമനിർദ്ദേശ പത്രിക നൽകാം. 36 വയസ്സാണ് മത്സരിക്കാനുള്ള പ്രായപരിധി. മെയ് 10 മുതൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും. ദേശീയ നേതൃത്വം ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

അതേസമയം, പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസിലെ വിഭാഗീയതയും കൂട്ട രാജിയും അന്വേഷിക്കാൻ സംസ്ഥാന നേതൃത്വം കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി , പ്രേംരാജ് എന്നിവർക്കാണ് ചുമതല നൽകിയിട്ടുള്ളത്. സംഘടന പ്രശ്‌നങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നിർദ്ദേശം നൽകി. 8 മണ്ഡലം കമ്മറ്റികൾ ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരിൽ പിരിച്ചു വിട്ടിരുന്നു. നടപടി ഏകപക്ഷിയമാണെന്ന് ആരോപിച്ച് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി നൽകിയിരുന്നു. ഇതിനു പിന്നാലെ ആണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടത്.