മെസിയുമായുള്ള കരാര്‍ പിഎസ്ജി പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

ലയണല്‍ മെസിയുമായുള്ള കരാര്‍ പിഎസ്ജി പുതുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്ക് പോയതിന് പി.എസ്.ജി സസ്പെന്‍ഷന്‍ നടപടികള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത.

സമീപകാലത്ത് ടീം തുടരുന്ന മോശം പ്രകടനത്തിനു പിന്നാലെയും മെസിയെ നിലനിര്‍ത്താനാണ് മാനേജ്മെന്റ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും മികച്ച ഓഫറാണ് ടീം മുന്നോട്ടുവച്ചതെന്നാണ് വിവരം. ഇതോടൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മികച്ചൊരു ടീമിനെ സജ്ജമാക്കുമെന്ന് താരത്തിന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ‘ഗോള്‍ ഡോട്ട് കോം’ റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണിന്റെ അവസാനത്തോടെ മെസി ഫ്രീ ഏജന്റാകാനിരിക്കെയാണ് പുതിയ തട്ടകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

പി.എസ്.ജി സസ്പെന്‍ഷനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് സൂപ്പര്‍ താരം രംഗത്തെത്തിയിരുന്നു. സൗദിയാത്ര മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ താരം വ്യക്തമാക്കി. സാധാരണ പോലെ മത്സരത്തിനുശേഷം അവധിയാകുമെന്നാണ് താന്‍ കരുതിയതെന്ന് മെസി പറഞ്ഞു. യാത്ര മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നു. റദ്ദാക്കാന്‍ കഴിയുമായിരുന്നില്ല. നേരത്തെ റദ്ദാക്കി മാറ്റിനിശ്ചയിച്ച യാത്രയായിരുന്നു ഇത്. സഹതാരങ്ങളോട് മാപ്പുചോദിക്കുകയാണ്. ടീം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.