2027ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ

രാജ്യത്ത് ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം 2027ഓടെ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ. ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം, 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും പാനല്‍ ശുപാര്‍ശകളില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കുന്നതിന്, ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്, ഹൈബ്രിഡ് വെഹിക്കിള്‍സ് സ്‌കീമിന് (ഫെയിം) കീഴില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31 നപ്പുറം വരെ നീട്ടുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. 2024 മുതല്‍ ഇലക്ട്രിക് പവര്‍ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന്‍ അനുവദിക്കണം. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ റെയില്‍വേ ശൃംഖല പൂര്‍ണമായും വൈദ്യുതീകരിക്കും. ഇന്ത്യയിലെ ദീര്‍ഘദൂര ബസുകള്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടി വരും. 10 മുതല്‍ 15 വര്‍ഷത്തേക്ക് വാതകം പരിവര്‍ത്തന ഇന്ധനമായി ഉപയോഗിക്കാം. 2030-ഓടെ ഊര്‍ജ മിശ്രിതത്തില്‍ വാതകത്തിന്റെ പങ്ക് 15 ശതമാനം ആയി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2020 നും 2050 നും ഇടയില്‍ ഡിമാന്‍ഡ് 9.78% സംയുക്ത ശരാശരി വളര്‍ച്ചാ നിരക്കില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ രണ്ട് മാസത്തെ ആവശ്യത്തിന് തുല്യമായ ഭൂഗര്‍ഭ വാതക സംഭരണം നിര്‍മ്മിക്കുന്നത് ഇന്ത്യ പരിഗണിക്കണം’- എന്നും സമിതി ശുപാര്‍ശ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മൊത്തത്തിലുള്ള ഉദ്വമനത്തിന്റെ ഒരു പ്രധാന സംഭാവന എന്ന നിലയില്‍, ഓട്ടോമൊബൈല്‍ വ്യവസായവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി വിനാശകരമായ പ്രവണതകള്‍ അഭിമുഖീകരിക്കുന്നു. ആ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മലിനമായ നഗരങ്ങളിലും എല്ലാ ഡീസല്‍ ഫോര്‍ വീലറുകളും നിരോധിക്കുന്നതിനുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശം.