മലപ്പുറം: വിനോദയാത്രാ ബോട്ട് മുങ്ങി. മലപ്പുറം താനൂരിലാണ് സംഭവം. താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി അപകടം ഉണ്ടായത്. 22 പേരാണ് അപകടത്തിൽ മരിച്ചത്. ഞായാറാഴ്ച്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവുമെന്നാണ് പുറത്തു വരുന്ന വിവരം.
40 ഓളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി തിങ്കളാഴ്ച്ച സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെക്കാൻ തീരുമാനിച്ചു.

