ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ല; സുരേഷ് കുമാർ

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. ലഹരി ഉപയോഗമുണ്ടെന്ന പരാതിയിന്മേൽ സിനിമാ ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കുമെന്ന പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടിക പോലീസിന്റെ പക്കലുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും സുരേഷ് കുമാർ അറിയിച്ചു. ലഹരിയുടെ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ ആർട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാൽ മാറ്റി നിർത്തും. ഇക്കാര്യം ‘അമ്മ’ സംഘടനയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ആരൊക്കെ ലഹരി ഉപയോഗിക്കുമെന്ന് എല്ലാവർക്കും അറിയാം. ഉപയോഗിക്കുന്നവർ സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്. ഇപ്പോൾ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോണം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ലഹരി ഉപയോഗിച്ച് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ലിത്. പോലീസിനും സർക്കാരിനും വേണ്ടുന്ന പൂർണ പിന്തുണ തങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.