ട്രെയിനുകളുടെ സമയക്രമത്തിലുണ്ടായ വ്യതിയാനം വന്ദേ ഭാരത് മൂലമല്ല; വിശദീകരണവുമായി റെയിൽവേ

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിലുണ്ടായ വ്യതിയാനത്തിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവേ. മറ്റു ട്രെയിനുകളുടെ സമയക്രമത്തിലുണ്ടായ വ്യതിയാനം വന്ദേ ഭാരത് മൂലമല്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ കൃത്യസമയത്താണ് ഓടിയെത്തുന്നതെന്ന് റെയിൽവേ വ്യക്തമാക്കി.

വേണാട്, പാലരുവി എക്‌സ്പ്രസുകൾക്കടക്കമുണ്ടായ സമയതാമസത്തിന് വന്ദേ ഭാരതുമായി ബന്ധമില്ലെന്നും റെയിൽവേ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരതിന് വഴിയൊരുക്കുന്നതിനാൽ മറ്റ് പല ട്രെയിനുകളെയും പിടിച്ചിടുന്നുവെന്നും ട്രയൽ റണ്ണിൽ കൈവരിച്ച വേഗത നിലവിൽ സർവീസ് നടത്തുന്ന ട്രെയിനിനില്ലെന്നുമുള്ള തരത്തിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, ട്രയൽ റണ്ണിലെ സമയക്രമം സർവീസ് റണ്ണിൽ നിന്ന് പ്രതീക്ഷിക്കാനാകില്ലെന്നും റെയിൽവേ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

വേണാട്, പാലരുവി എക്‌സ്പ്രസ്, കണ്ണൂർ ഷൊർണൂർ പാസഞ്ചർ, എറണാകുളം ഇന്റർസിറ്റി തുടങ്ങിയവ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തെ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത് ബാധിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തിയത്.