ബിഹാറിലെ ജാതി സെൻസസ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി; നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് നിർദ്ദേശം

പട്ന: ബിഹാറിൽ നിതീഷ് കുമാർ തുടങ്ങിവച്ച ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് താത്കാലികമായി തടഞ്ഞ് പട്ന ഹൈക്കോടതി. സെൻസസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. സെൻസസ് നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

കേസ് ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കും. ഇതുവരെ ശേഖരിച്ച വിവരങ്ങൾ ജൂലായ് മൂന്നുവരെ സൂക്ഷിച്ചുവെക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല എന്നതടക്കമുള്ള വാദഗതികൾ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

സെൻസസിനെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ അവകാശവാദം. സർക്കാരിന്റെ സഹായപദ്ധതികൾ ഏറ്റവും അർഹരായവരിൽ എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് സർവെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.