പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചക്കുട്ടി; പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചക്കുട്ടിയാണെന്ന പരിഹാസവുമായാണ് കെ മുരളീധരൻ രംഗത്തെത്തിയത്. ഒഞ്ചിയത്ത് നടന്ന രക്തസാക്ഷി ദിനത്തിൽ ചീറി വരുന്ന പുലിയുടെ രൂപത്തിലാണ് മുഖ്യമന്ത്രി പ്രത്യക്ഷപ്പെട്ടതെന്നും കെ മുരളീധരൻ പറഞ്ഞു.

ബിജെപിയാണ് സർക്കാറിനെ സംരക്ഷിക്കുന്നത്. കേന്ദ്രം തരേണ്ടത് തന്നിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് മോദിയുടെ സാന്നിധ്യത്തിൽ പറയാമായിരുന്നില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ പറഞ്ഞത് നമ്മൾ രണ്ടുപേരും ചേർന്നാൽ ഇവിടെ അത്ഭുതം സൃഷ്ടിക്കാം എന്നായിരുന്നു. അപ്പോൾ എയിംസിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുകയും ചെയ്തില്ലെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.

ഒഞ്ചിയത്ത് മുഖ്യമന്ത്രി പറഞ്ഞത് ബിജെപിക്കും പ്രതിപക്ഷത്തിനും ഒരേ സ്വരം എന്നാണ്. എന്നാൽ പ്രതിപക്ഷത്തിരിക്കുന്ന തങ്ങൾ സർക്കാരിനെ വിമർശിക്കും. അത്തരത്തിൽ വിമർശനമുന്നയിക്കുമ്പോൾ ആരൊക്കെ വേറെ രീതിയിൽ വിമർശിക്കുന്നുണ്ടെന്ന് തിരക്കേണ്ട കാര്യം തങ്ങൾക്കില്ല. ബിജെപിയുടെ സൗകര്യം നോക്കി വിമർശിക്കുന്നവർ അല്ല കോൺഗ്രസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.