തിരുവനന്തപുരം: ക്യാമറാ പദ്ധതിയിൽ എസ്ആർഐടിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധം തുറന്നു സമ്മതിച്ച് ട്രോയിസ്. ട്രോയിസ് ഇൻഫോടെക് കമ്പനി മാനേജിങ് ഡയറക്ടർ ടി ജിതേഷാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. എസ്ആർഐടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ഊരാളുങ്കലും എസ്ആർഐടിയും ചേർന്ന് രൂപീകരിച്ച കൺസോർഷ്യത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നതായി ജിതേഷ് വ്യക്തമാക്കി. 2018ൽ ട്രോയിസ് കമ്പനി തുടങ്ങിയ ശേഷം മറ്റൊരു കമ്പനിയുമായും ബന്ധമില്ലെന്നും ജിതേഷ് വെളിപ്പെടുത്തി.
ക്യാമറ പദ്ധതിയിൽ നേരിട്ടല്ലെങ്കിലും നിർണായക ഇടപെടൽ നടത്തിയ സ്വകാര്യ കമ്പനിയാണ് ടെക്‌നോപാർക്കിലെ ട്രോയിസ് ഇൻഫോടെക്. പദ്ധതിയുടെ ഉപകരാറുകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണവും ഊരാളുങ്കൽ ബന്ധവും കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, പദ്ധതി രേഖകൾ സുതാര്യമാക്കുമെന്ന വ്യവസായ മന്ത്രിയുടെ ഉറപ്പിനു പിന്നാലെ 5 രേഖകൾ കെൽട്രോൺ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെൻഡർ ഡോക്യുമെന്റും എസ്ആർഐടിയുമായുള്ള കരാറും ഉൾപ്പെടെയുള്ള രേഖകളാണ് കെൽട്രോൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

