ക്രിമിനൽ കേസുള്ളവർ എസ്.എൻ ട്രസ്റ്റ് ഭാരവാഹികളാകരുത്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വെള്ളാപ്പള്ളി നടേശന് തിരിച്ചടി. ക്രിമിനൽ കേസുള്ളവർ എസ്.എൻ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാർ തുടങ്ങിയവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് സ്റ്റേ ആവശ്യം തള്ളുകയായിരുന്നു.

എസ്.എൻ ട്രസ്റ്റും വെള്ളാപ്പള്ളി നടേശനും ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വഞ്ചന, സ്വത്ത് കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്നായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇവർ കുറ്റവിമുക്തരാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എസ്.എൻ. ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതി വരുത്തിയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ഉത്തരവ് സ്റ്റേ ചെയ്യണെമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

അതേസമയം, ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി കേസിലെ എതിർ കക്ഷിക്ക് നോട്ടീസ് അയക്കുകയും ചെയ്തു.