തിരുവനന്തപുരം: മെയ് 2 ന് കരിദിനം ആചരിക്കാൻ കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കരിദിനം ആചരിക്കുന്നത്. കറുത്ത ബാഡ്ജ് ധരിച്ചും കറുത്ത കൊടികൾ പിടിച്ചും റേഷൻ കടകൾക്ക് മുന്നിൽ കാർഡ് ഉടമകളെ അണിനിരത്തിയുമാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. റേഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ സുധാകരൻ വിമർശിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ നിഷ്ക്രിയമാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതിക പിഴവിന്റെ പേരിൽ കുറച്ച് ദിവസങ്ങളായി റേഷൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇത് പാവപ്പട്ടവരോട് കാട്ടുന്ന ക്രൂരതയാണ്. ഇ-പോസ്( ഇലക്ട്രോണിക് പോയിന്റ്സ് ഓഫ് സെയിൽസ് ) യന്ത്രത്തിന്റെയും അത് നിയന്ത്രിക്കുന്ന സെർവറിന്റെയും തകരാറ് പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ തുടർച്ചയായി ദയനീയ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

