കൊച്ചി: മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകള്‍ക്ക് കാസര്‍ഗോഡ് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്ന വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് രംഗത്ത്.
‘കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും കാസര്‍കോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’- എം.രഞ്ജിത്ത് പറഞ്ഞു.
അതേസമയം, മലയാള സിനിമയില്‍ മയക്കുമരുന്നിന് അടിമകളായ താരങ്ങളുണ്ടെന്നും അവരുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. അതിനുശേഷം നല്‍കിയ അഭിമുഖത്തിലാണ് കാസര്‍കോട്ടെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. മംഗലാപുരത്ത് നിന്നും ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവരാന്‍ എളുപ്പമാണെന്നും അതിനാല്‍ സിനിമാ ലൊക്കേഷനുകള്‍ കാസര്‍കോട്ടേക്ക് മാറ്റുകയാണെന്നുമാണ് രഞ്ജിത് പറഞ്ഞത്.

