ന്യൂഡല്‍ഹി: സുഡാനിലെ സ്ഥിതി അതിരൂക്ഷമെന്നും, എല്ലാ ഇന്ത്യക്കാരേയും തിരികെ രാജ്യത്ത് എത്തിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ഖ്വാത്ര അറിയിച്ചു. ഓപ്പറേഷന് കാവേരിയുടെ ഭാഗമായി മൂന്നാമത്തെ കപ്പലും പോര്‍ട്ട് സുഡാനില്‍ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘സംഘര്‍ഷം രൂക്ഷമായ ഇടങ്ങളില്‍ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഇന്ത്യന്‍ വംശജരെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു ആദ്യഘട്ടം. പിന്നീട് അവിടെ നിന്ന് അവരെ തിരിച്ച് സ്വന്തം വീടുകളിലെത്തിക്കുകയായിരുന്നു. പ്രദേശത്ത് 3500 ഓളം ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ഏകദേശ കണക്ക്. ആയിരത്തോളം ഇന്ത്യന്‍ വംശജരും സുഡാനില്‍ ഉണ്ടായിരുന്നു. ഓപ്പറേഷന് കാവേരിയുടെ ഭാഗമായി രക്ഷാദൗത്യത്തിന് വേണ്ടി നാവിക സേനയുടെ മൂന്നാം കപ്പലും സുഡാനില്‍ എത്തിച്ചേര്‍ന്നു. സുഡാനില്‍ നിന്ന് ജിദ്ദയിലേക്കാണ് ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുക. ശേഷം അവിടെ നിന്ന് ഇന്ത്യയിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയാണ്. ആദ്യഘട്ടത്തില്‍ ജിദ്ദയില്‍ എത്തിയ 367 ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സുഡാനില്‍ ഏപ്രില്‍ 15 മുതല്‍ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരന്തരം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്’- വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

