തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍, കെ.എസ് വാന്‍, സേഫ് കേരള പദ്ധതികളിലെ മുഖ്യകരാറുകാരനാണ് എസ് ആര്‍ ഐ ടി. എഐ. ക്യാമറയിലെ കെല്‍ട്രോണ്‍ കരാര്‍ വിവാദത്തിലായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളില്‍ എസ് ആര്‍ ഐ ടിയുടെ പങ്കാളിത്തം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
എസ് ആര്‍ ഐ ടിയെന്ന സ്ഥാപനത്തിനാണ് 1516.76 കോടി ചെലവിടുന്ന സര്‍ക്കാരിന്റെ വന്‍കിട പദ്ധതിയിലെ പ്രധാന റോള്‍. സംസ്ഥാനത്ത് ഉടനീളം ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കാനുള്ള പ്രധാന കരാര്‍ കണ്‍സോഷ്യത്തില്‍ നിന്നും എസ്ആര്‍ഐടിക്ക് ലഭിച്ചതിനാലാണ് കരാര്‍ ലഭിക്കാന്‍ കമ്പനികള്‍ തമ്മില്‍ മുന്‍കൂട്ടി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. പദ്ധതി നടത്തിപ്പിന് എംഎസ്പിയെ ക്ഷണിക്കാന്‍ കെ ഫോണ്‍ തീരുമാനിച്ചപ്പോള്‍ ടെണ്ടറില്‍ പങ്കെടുത്ത മൂന്ന് കമ്പനികളില്‍ നിന്ന് കരാര്‍ കിട്ടിയത് എസ് ആര്‍ ഐ ടിക്കാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കാണ് കെ-എസ്.വാന്‍. ഇതിന്റെ കരാറുകാരായ റെയില്‍ ഡെല്ലില്‍ നിന്നും ഉപകരാര്‍ എടുത്തിരിക്കുന്നതും എസ് ആര്‍ ഐ ടിയാണ്.
ഇതിനെല്ലാം പുറമെയാണ് എഐ ക്യാമറക്കായി 151 കോടിയുടെ കരാറും കമ്പനി നേടിയത്. ഫൈബര്‍ ഇടുന്നതിനായി എസ്ആര്‍ഐടി ഉപകരാര്‍ നല്‍കിയത് നാസിക്ക് ആസ്ഥാനത്താനമായ അശോക് ബെല്‍ക്കോണിനായിരുന്നു. എസ്ആര്‍ഐടിയുടെ ബിനസ്സ് പങ്കാളിയായ അശോക് ബെല്‍ക്കോണ്‍. എഐ ക്യാമറക്കുള്ള കെല്‍ട്രോണ്‍ കരാറിലും പങ്കെടുത്തു. പക്ഷെ കരാര്‍ കിട്ടിയത് എസ് ആര്‍ ഐ ടിക്കും.

