ന്യൂഡൽഹി: രാജ്യത്ത് 157 പുതിയ നഴ്സിങ് കോളേജുകൾ ആരംഭിക്കാൻ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. 1570 കോടിയാണ് പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കാനുള്ള മുതൽമുടക്ക്. പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുന്നതിലൂടെ നഴ്സ്- രോഗി അനുപാതം മെച്ചപ്പെടും എന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ബജറ്റിൽ ആണ് കേന്ദ്ര ധനമന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അടുത്ത രണ്ടു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാൻ ആണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. നഴ്സിംഗ് കോളേജുകൾക്ക് അംഗീകാരം നൽകിയത് പ്രധാനമന്ത്രി അധ്യക്ഷനായുള്ള സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതിയാണ്.
പുതിയ നഴ്സിംഗ് കോളേജുകൾ നിലവിൽ വരുന്നതോടെ 15700 നഴ്സിംഗ് ബിരുദധാരികൾ രാജ്യത്ത് ഓരോ വർഷവും പഠിച്ചിറങ്ങും. ആരോഗ്യ സംരക്ഷണ മേഖലയിൽ നിലനിൽക്കുന്ന ഗ്രാമ നഗര വ്യത്യാസം കുറയ്ക്കാനും പാർശ്വവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ മെച്ചപ്പെട്ട നഴ്സിംഗ് ശുശ്രൂഷ എത്തിക്കാനും പുതിയ തീരുമാനം സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പദ്ധതിയുടെ സമയ ബന്ധിത പൂർത്തീകരണത്തിനായി കൃത്യമായ ആസൂത്രണമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി തലവനായ ഉന്നതാ വികാരസമിതി പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തും. കൃത്യമായ സമയക്രമം പാലിച്ച് സംസ്ഥാനങ്ങളിൽ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന് കമ്മറ്റി ഉറപ്പാക്കുകയും ചെയ്യും.

