എറണാകുളം: താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കി നടന്‍ ശ്രീനാഥ് ഭാസി. സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെയാണ് കലൂരില്‍ അമ്മയുടെ ആസ്ഥാനത്ത് എത്തി ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയത്.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും അഭിനേതാക്കള്‍ കരാര്‍ ഒപ്പിടാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു. എന്നാല്‍, താന്‍ അമ്മയില്‍ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ തീരുമാനമെടുക്കുക.
അതേസമയം, വിലക്ക് നേരിടുന്ന മറ്റൊരു യുവ താരമായ ഷെയ്ന്‍ നിഗം നിലവില്‍ അമ്മ അംഗമാണ്. അതിനിടെ ഷെയ്ന്‍ നിഗം പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച ഇ മെയില്‍ പുറത്തായി. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണം. പോസ്റ്ററില്‍ തന്റെ മുഖത്തിന് പ്രാധാന്യം നല്‍കണം. പ്രമോഷനും തനിക്ക് പ്രാധാന്യം നല്‍കണം. ഇതാണ് പരാതിയിലേക്ക് എത്തിയതും വിലക്കിലേക്ക് നയിച്ചതും.

